കല്‍പ്പറ്റ: മുത്തങ്ങ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ. ഇതോടൊപ്പം അർഹരായവർക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരൻ വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകണം.
ഗുരുതരമായി പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷം രൂപയും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചു. സംഭവം നടന്ന് 23 വർഷത്തിനുശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധിവന്നത്.
കേസ് ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടർന്ന് സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ നിന്ന് വയനാട് സെഷൻസ് കോടതിയിലേക്കു മാറ്റിയത്.